സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്‍, സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കല്‍ ബില്‍ എന്നിവയും ഇന്ന് സഭയില്‍ വരുമെന്നാണ് വിവരം. സര്‍ക്കാരിനെതിരായ ഉയര്‍ന്ന മാസപ്പടി,എ ഐ ക്യാമറ, കെ- ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കഴിഞ്ഞ ദിവസം സഭയില്‍ എത്തിയിരുന്നു.
ആലുവയില്‍ കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും ചോദ്യമായി സഭയില്‍ എത്തിയിരുന്നു. വളരെ ചൂടേറിയ വാദപ്രതിവാദങ്ങളാണ് സോളാര്‍ ലൈംഗിക പീഡന ആരോപണ വിഷയത്തില്‍ ഉള്‍പ്പെടെ സഭയില്‍ നടന്നത്. ആകെ നാലുദിവസമാണ് സഭ സമ്മേളിക്കുക.മാസപ്പടി വിവാദത്തില്‍ ആദ്യമായി മുഖ്യമന്ത്രി മറുപടി പറഞ്ഞെന്ന പ്രത്യേകതയും ഈ ദിവസങ്ങൡ ചേര്‍ന്ന സമ്മേളനത്തിനുണ്ട്. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും വിശദീകരിക്കുകയായിരുന്നു.














