മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ മജിസ്‌ട്രേറ്റ് കോടതി വിധി ഇന്ന്

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസില്‍ പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കുന്നതില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കരുതെന്നായിരുന്നു ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്.സജി ചെറിയാനെതിരായ കേസില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്.

സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത് വരെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു കോടതിയോട് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ തടസ ഹര്‍ജിയുമായി പരാതിക്കാരന്‍ എത്തിയിരുന്നു.ഇന്നലെയാണ് സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലെത്തിയത്.

ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. നിയമോപദേശങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയവുമാണ് സത്യപ്രതിജ്ഞക്ക് അനുമതി നല്‍കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *