അരിക്കൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി കേരള ഹൈക്കോടതി


അരിക്കൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി കേരള ഹൈക്കോടതി. അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പ്രതികരണം. ഹർജി സമർപ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ കോടതി വിമർശിച്ചു.ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്.


തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതിന് തെളിവില്ല. ആനയെ അവർ സംരക്ഷിക്കാമെന്നും അറിയിച്ചു. പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. അരിക്കൊമ്പൻ ഹർജിയിൽ അതുണ്ടോ ? ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം.


സാബു ജേക്കബിനോട് കോടതി പറഞ്ഞു.കേരളത്തിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്ന ചോദ്യമുയർത്തിയ ഹൈക്കോടതി തമിഴ്നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി പറഞ്ഞു.



Sharing is Caring