ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം


ഗാസയെ പൂർണമായി വളഞ്ഞെന്നും ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇപ്പോള്‍ വടക്കന്‍ ഗാസയും തെക്കന്‍ ഗാസയുമായി മാറിക്കഴിഞ്ഞു. ഇത് ഹമാസിനെതിരായ യുദ്ധത്തിന്റെ നിര്‍ണായക ഘട്ടമാണെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ വക്തമാവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.‘സൈന്യം തീരപ്രദേശത്തെത്തി. ഇവിടം കീഴടക്കിയിരിക്കുകയാണ്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന ഇടങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടത്തുന്നുണ്ട്.


അത് ഭൂമിക്കടയിലായാലും മുകളിലായാലും’- ഡാനിയേല്‍ ഹഗാരി പറഞ്ഞു. രാത്രിയിലും വലിയ സ്‌ഫോടനങ്ങള്‍ വടക്കന്‍ ഗാസയിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം ഗാസയിലേക്കുള്ള ആശയവിനിമയ സംവിധാനം മൂന്നാം തവണയും പൂർണമായും തകര്‍ന്നു. ഗാസയിലുടനീളം ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ തകര്‍ന്നതായി നെറ്റ്‌ബ്ലോക്‌സ് ഡോട്ട് ഒആര്‍ജി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പലസ്തീനിയന്‍ ടെലികോം സേവനദാതാക്കളായ പല്‍ടെലും സ്ഥിരീകരിച്ചു.


ഇതോടെ ഗാസയിലെ ഇസ്രയേല്‍ അക്രമങ്ങളുടെ പൂർണരൂപം പുറത്തെത്തുന്നില്ല.അതിനിടെ ഗസ്സയിലെ ആശുപത്രികൾക്ക് സമീപം ജോർദാൻ വ്യോമസേനാ മരുന്നുകൾ എത്തിച്ചു. പരുക്കേറ്റവരെ സഹായിക്കുന്നത് കടമയെന്ന് ജോർദാൻ രാജാവ് അറിയിച്ചു. അതിനിടെ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേ‌ർൺസും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും.



Sharing is Caring