ഞണ്ടിനെ പിടിക്കാൻ കുത്തിയ ഇരുമ്പുകമ്പി ലക്ഷ്യം തെറ്റി യുവാവിന്റെ കാലിൽ തുളച്ചുകയറി


ഞണ്ടിനെ പിടിക്കാൻ കുത്തിയ ഇരുമ്പുകമ്പി ലക്ഷ്യം തെറ്റി യുവാവിന്റെ കാലിൽ തുളച്ചുകയറി. ആന്തൂർ നഗരസഭ ബഡ്‌സ് സ്‌കൂളിലെ താത്‌കാലിക ഡ്രൈവറായ ആന്തൂർ തളിയിലെ എം.സി. ഹരീഷിന്റെ (25) കാലിന്റെ മധ്യത്തിലൂടെയാണ് കമ്പി തുളച്ചുകയറിയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. രാത്രിയിൽ കമ്പിൽക്കടവ് ഭാഗത്തുനിന്ന് ഞണ്ടിനെ പിടിക്കാൻ കമ്പി കുത്തിയിറക്കിയപ്പോൾ ലക്ഷ്യം തെറ്റി അത് കാലിലൂടെ തുളച്ച് കയറുകയായിരുന്നു.


രക്തപ്രവാഹം കൂടി അബോധാവസ്ഥയിലായ ഹരീഷിനെ തുളച്ചുകയറിയ കമ്പിയോടുകൂടിയാണ് നാട്ടുകാർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലെത്തിച്ചത് .നീളമുള്ള കമ്പിയായതിനാൽ മുറിക്കാതെ അത്യാഹിതവിഭാഗത്തിൽനിന്ന് ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കടത്താനാവാതെ വന്നതോടെ പയ്യന്നൂർ അഗ്നിരക്ഷാസേന എത്തി കമ്പി മുറിച്ചു മാറ്റുകയായിരുന്നു.


ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർ ഷിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസ്പത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തി കമ്പി മുറിച്ചുനീക്കിയത്. തുടർന്ന് ഹരീഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി കാലിനകത്തെ കമ്പിയുടെ കഷണം പുറത്തെടുത്തു.



Sharing is Caring