യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും


കര്‍ണാടകയിലെ സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കര്‍ണാക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്കെത്തും. അന്വേഷണത്തില്‍ സഹകരണം ആവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസര്‍ഗോഡ് എസ്പിയുമായി സംസാരിച്ചു.


പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് മംഗ്ലൂരു എസ്പി വ്യക്തമാക്കി. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപിയും കേരള ഡിജിപിയോട് ആവശ്യപ്പെട്ടു. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഷന്‍ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 15 പേരാണ് കേസില്‍ ഇതുവരെ കസ്റ്റഡിയിലായിട്ടുള്ളത്്.


യുവാമോര്‍ച്ച നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ജാഗ്രത തുടരുകയാണ്. പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.കഴിഞ്ഞ ദിവസം നഗരത്തില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ മൂന്നു താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് എന്നാണ് കര്‍ണാടക ബിജെപിയുടെ ആരോപണം. സുള്ള്യ ബെല്ലരെയ്ക്കടുത്ത് നെട്ടാരുവില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവമോര്‍ച്ച പ്രാദേശിക നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. തന്റെ കോഴിക്കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.



Sharing is Caring