പാനൂരിൽ കുട്ടികളെ രംഗത്തിറക്കിയതിനെതിരായ ഹൈക്കോടതി പരാമർശം വസ്തുതാപരമല്ല; മുഖ്യമന്ത്രി


നവകേരള സദസിന്റെ ഭാ​ഗമായി കുട്ടികളെ രംഗത്തിറക്കിയതിനെതിരായ ഹൈക്കോടതി പരാമർശം വസ്തുതാപരമല്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂരിൽ കുട്ടികളെ നിന്നത് വെയിലത്ത്‌ ആയിരുന്നില്ല. ഹൈക്കോടതി ഏത് വിവരത്തെ അടിസ്ഥാനമാക്കിയാണ് പരാമർശം നടത്തിയതെന്ന് അറിയില്ല. കുട്ടികൾ കുട്ടികളുടെ വികാരപ്രകടനം നടത്തുമല്ലോ. യാത്രയ്ക്കിടെ മറ്റെവിടേ നിന്നും സ്കൂളിൽ നിന്ന് കുട്ടികളെ എത്തിച്ചിട്ടില്ല.


യാത്ര കാണാനും അഭിവാദ്യം ചെയ്യാനും കുട്ടികൾക്കും താല്പര്യമുണ്ട്. പിള്ള മനസ്സിൽ കള്ളമില്ലെന്ന് ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിക്കുന്നു.നവകേരള സദസുകളിൽ സിപിഐഎമ്മുകാർ മാത്രമല്ല, നാടിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. അങ്ങനെ വരുന്നവർക്കെതിരെ നടപടി എടുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും, അവർ വരുന്നുണ്ടെങ്കിൽ നാടിനോട് പ്രതിബദ്ധത ഉള്ളതുകൊണ്ടാണ്. രാജ്ഭവന് ഡെന്റൽ ക്ലിനിക്ക് വേണമെന്ന് ഗവർണർ പറഞ്ഞു.


അനുവദിക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞു. അതിന്റെ നീരസം ചിലപ്പോൾ ഗവർണർക്ക് ഉണ്ടാകും. പദവിക്ക് അനുസരിച്ചല്ലേ ആളുകൾ പ്രവർത്തിക്കേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ കേരളം കോടതിയെ സമീപിക്കില്ല. കോടതി വിധിയെ അംഗീകരിക്കും.കണ്ണൂർ സർവ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയല്ല. ഈ വിധി സർക്കാരിന് തിരിച്ചടി എന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് നിയമപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിൽ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിയിട്ടുണ്ട്.



Sharing is Caring