അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ശ്രമവുമായി സർക്കാർ


വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ നടന്നുവരുന്ന വിദ്യാർത്ഥി സമരത്തെ അവസാനിപ്പിക്കാൻ ശ്രമവുമായി സർക്കാർ . സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന നടക്കും. മന്ത്രിമാരായ ആര്‍.ബിന്ദുവും വിഎൻ വാസവനും മാനേജ്മെന്‍റ് അധികൃതരും വിദ്യാർഥികളും ചർച്ചയിൽ പങ്കെടുക്കും.സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും.


അതേസമയം, കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്നാണ് കാഞ്ഞിരപ്പള്ളി അതിരൂപതയുടെ വാദം.ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നതായും.ചില തത്പര കക്ഷികൾ പ്രത്യേക അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതായും വികാരി ജനറൽ പറഞ്ഞു. ഇത് സങ്കടകരമാണെന്നാണ് രൂപതയുടെ പ്രതികരണം.ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്. തുടർന്ന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞദിവസം നടന്ന സമരത്തിൽ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം നടന്നിരുന്നു.



Sharing is Caring