രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍

ഡിജിറ്റല്‍ സര്‍വകലാശാല ക്യാമ്പസിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ സയന്‍സ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യപാര്‍ക്കിന് സര്‍ക്കാര്‍ അനുമതി നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, മെഡിക്കല്‍ ഇലക്ട്രോണിക്സ്, മെഡിക്കല്‍ മെറ്റീരിയല്‍സ്, ബയോടെക്നോളജിയുമായും ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയറുമായി ബന്ധപ്പെട്ട മേഖലകള്‍ തുടങ്ങി ഡിജിറ്റല്‍ സാങ്കേതികമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യ പാര്‍ക്കാണ് കേരളത്തില്‍ ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള സര്‍വ്വകലാശാലകളെ മാതൃകയാക്കിയാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ കീഴില്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്.

കേരളത്തില്‍ വളരെയധികം വിജ്ഞാന വ്യവസായങ്ങള്‍ക്ക് തുടക്കമിടാനും പാര്‍ക്ക് സഹായിക്കും. വിദേശ സര്‍വകലാശാലകള്‍ക്കുള്‍പ്പെടെ തദ്ദേശ- വിദേശ ഗവേഷകര്‍ക്കും ഇവിടെയെത്തി സാങ്കേതികവിദ്യയില്‍ പൂര്‍ണത വരുത്താം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് കമ്പനികള്‍ തുടങ്ങാനാകും. ചെറുകിട, ഇടത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദഗ്ധര്‍ക്കും കൂട്ടായ പ്രവര്‍ത്തന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക.

പേറ്റന്റ് ലഭിച്ച കണ്ടെത്തലുകളെ പ്രായോഗികതലത്തിലെ സംരംഭങ്ങളിലേക്ക് എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. സാങ്കേതികവിദ്യാ നവീകരണത്തിനുള്ള നിക്ഷേപത്തിന്റെ വലിയഭാഗം പാര്‍ക്കിലൂടെ നിറവേറ്റാനാകും. പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത് പ്രധാനമായും ഇലക്ട്രോണിക് ടെക്നോളജി, ഇന്‍ഡസ്ട്രീസ് 4.0യുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ പോലെയുള്ള മേഖലകള്‍, ഡിജിറ്റല്‍ സംരംഭകത്വം തുടങ്ങിയവയിലാണ്. ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന ട്രാന്‍സലേഷണല്‍ റിസര്‍ച്ച് സെന്ററായി പാര്‍ക്ക് പ്രവര്‍ത്തിക്കും.

1515 കോടി രൂപയുടെ പദ്ധതിതിയില്‍ 200 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. 975 കോടി രൂപ കിഫ്ബിവഴിയും കണ്ടെത്തും. ബാക്കി തുക വ്യവസായ പങ്കാളികളുള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍നിന്നാകും.തിരുവനന്തപുരത്തെ ഡിജിറ്റല്‍ സര്‍വകലാശാല ക്യാമ്പസിനോട് ചേര്‍ന്ന്, ടെക്നോസിറ്റിയിലെ 14 ഏക്കറിലെ പാര്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ആദ്യഘട്ടം 200 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യമൊരുക്കലാണ്. സ്ഥാപനങ്ങള്‍ക്ക് പുതിയ സാങ്കേതിക വിദ്യ വളര്‍ത്തിയെടുക്കാനും ഇതിന് വിവിധ സര്‍വകലാശാലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമുള്ള കണ്‍സള്‍ട്ടന്‍സി സഹായവും പാര്‍ക്കിലുണ്ടാകും. ശാസ്ത്ര സാങ്കേതികമേഖലയില്‍ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ 1000 കോടി രൂപ മുടക്കില്‍ നാലു സയന്‍സ് പാര്‍ക്ക് കഴിഞ്ഞ ബജറ്റിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *