ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മരണകാരണം വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം കഴിച്ചാണെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. പേസ്റ്റ് രൂപത്തിലുളള എലിവിഷം കഴിച്ചാണ് ആത്മഹത്യയെന്നും സൂചനയുണ്ടായിരുന്നു.
വിഷം കഴിച്ച് മരിക്കാനുളള മാര്‍ഗങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും എലിവിഷത്തെക്കുറിച്ച് ആണ് തെരഞ്ഞിട്ടുളളത് എന്നതാണ് സംശയത്തിനിടയാക്കിയത്.അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നാണെന്നുമുളള പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആത്മഹത്യയാണെന്ന സൂചന ലഭിച്ചത്.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കരള്‍ ഉള്‍പ്പടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനം. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്നായിരുന്നു ഫോറന്‍സിക് സര്‍ജന്റെയും വിലയിരുത്തല്‍.













