ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും .ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓര്‍ഡിനറി അടക്കം മഹാഭൂരിപക്ഷം ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തില്ല.
തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ നടത്താനാണ് നിര്‍ദേശം. ഉച്ചയ്ക്ക് ശേഷം സര്‍വീസുകള്‍ ക്ലബ് ചെയ്ത് സാധരണ നിലയിലേക്ക് കൊണ്ടുവരും. ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ നല്‍കിയെങ്കിലും അത് കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്താന്‍ ചൊവ്വാഴ്ച കഴിയും. അതിനാല്‍ നിലവിലെ പ്രതിസന്ധി ബുധനാഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് സൂചന.

123 കോടി രൂപയാണ് നിലവില്‍ കെ എസ് ആര്‍ ടി സി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആവര്‍ത്തിച്ചു.
ഡീസല്‍ പ്രതിസന്ധി മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ, ഓര്‍ഡിനറി സര്‍വീസുകളെ മാത്രമല്ല ദീര്‍ഘദൂര സര്‍വീസുകളെയും ബാധിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സര്‍വീസുകളും മുടങ്ങി. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു













