സോളാർ പീഡനക്കേസിൽ സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി. അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരി അറിയിച്ചു. മുൻ സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഇടപെടൽ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സാക്ഷികൾക്ക് പണം നൽകിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നൽകിയിട്ടും അവഗണിച്ചുവെന്നും പരാതിയിൽ ആക്ഷേപമുണ്ട്.
സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. സി.ബി.ഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി.അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു. അടുത്തമാസം 18ന് കെ ബി ഗണേഷ്കുമാർ കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. സോളർ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമൻസ് അയച്ചു.
പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിൻറെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചന്നത്.കേസിൽ ഉമ്മൻ ചാണ്ടി, ഫെനി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ കോടതി എടുത്തിരുന്നു.21 പേജുള്ള കത്താണ് ജയിലിൽ വച്ച് കൈമാറിയതെന്ന് ഫെനി മൊഴിനൽകി. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളയ്ക്കുശേഷം കേസ് വീണ്ടും സജീവചർച്ചയായത്.