ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കല്‍ വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ കര്‍ഷക സംഘടന നേതാക്കളെ കാണും. വൈകിട്ട് 5 മണിക്ക് ചണ്ഡിഗഢിലാണ് ചര്‍ച്ച.വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കല്‍, വിള ഇന്‍ഷുറന്‍സ് പദ്ധതി, കര്‍ഷകര്‍ക്ക് എതിരായ എഫ്‌ഐആര്‍ റദ്ദാക്കല്‍ എന്നിവയാണ് കര്‍ഷക സംഘടനകളുടെ ആവശ്യങ്ങള്‍. ചര്‍ച്ചകളില്‍ സമവായം ഉണ്ടാക്കുക അത്ര എളുപ്പമല്ല.
ചര്‍ച്ച പരാജയപ്പെട്ടാല്‍ കര്‍ഷക പ്രതിഷേധം നേരിടാന്‍ ഹരിയാന ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ പൊലീസ് സന്നാഹത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പഞ്ചാബുമായുള്ള ഹരിയാനയുടെ പ്രധാന അതിര്‍ത്തികള്‍ അടച്ചു. ഹരിയാനയില്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ട്. ഹരിയാനയില്‍ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.ഫെബ്രുവരി 13നാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200 ലധികം കര്‍ഷക സംഘടനകള്‍ ഒരുമിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. നേരത്തേ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകള്‍ സമവായത്തില്‍ എത്തിയിരുന്നില്ല.