പാലക്കാട് കാണാതായ യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയിലാണ് രണ്ട് പേരുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സജീഷ്, ഷിജിത്ത് എന്നീ യുവാക്കളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന. ഇരുവരെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ പാടത്തു മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തി.ഇതേ തുടര്‍ന്ന് മണ്ണ് നീക്കിമാറ്റി നടത്തിയ അന്വേഷണത്തില്‍ ഒരാളുടെ കാല് കണ്ടെത്തി.
കാട്ടുപന്നിയെ കുടുക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ പെട്ടാണ് ഇരുവരും മരിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്. യുവാക്കള്‍ ഷോക്കേറ്റ് മരിച്ചെന്ന് മനസിലാക്കിയ സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്ത് മൃതദേഹങ്ങള്‍ മറവു ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തിന്റെ ഉടമ ആനന്ദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.

മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കും. തുടര്‍ന്നു മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.പ്രദേശത്ത് ഞായറാഴ്ച രാത്രി നടന്ന ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ നാല് പേരും കരിങ്കരപ്പുള്ളിയില്‍ സതീഷിന്റെ ബന്ധുവീട്ടിലാണു ഒളിവില്‍ താമസിച്ചിരുന്നത്.
പൊലീസ് സംഘം ഇവിടെയെത്തിയെന്നു ഭയന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.തുടര്‍ന്ന് സതീഷിനെയും ഷിജിത്തിനെയും കാണാതായി. ഫോണിലും ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.













