അട്ടപ്പാടി മധുവധക്കേസ് പ്രതികളെ തവനൂര്‍ജയിലിലേക്ക് മാറ്റും


അട്ടപ്പാടി മധുവധക്കേസ് പ്രതികളെ തവനൂര്‍ജയിലിലേക്ക് മാറ്റും. മണ്ണാര്‍ക്കാട് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് പ്രതികളെ മലപ്പുറം ജില്ലയിലെ തവനൂരില്‍ പണിതീര്‍ത്ത പുതിയ ജയിലിലേക്ക മാറ്റുന്നത്. പതിനാറ് പ്രതികളില്‍ പതിനാല് പേരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നാണ് ശിക്ഷ വിധിച്ചത്.


ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടത്തിയത്. ഇതില്‍ പതിനാറാം പ്രതി മൂനീറിനൊഴിച്ച് ബാക്കിയെല്ലാവര്‍ക്കുമാണ് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം പിഴയും വിധിച്ചത്.


ഐ പി സി 304,352 143 പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമം തടയുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.2018 ഫെബ്രുവരി 22നായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ സാധാനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവരികയും ആള്‍കൂട്ടവിചാരണ നടത്തി തല്ലിക്കൊല്ലുകയും ചെയ്തത്്. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയില്‍ കുറ്റപത്രം നല്‍കി. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു.



Sharing is Caring