മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീലുമായി ഡൽഹി ഹൈക്കോടതിയിൽ

ഡൽഹിയിൽ കൊല്ലപ്പെട്ട മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അപ്പീലുമായി ഡൽഹി ഹൈക്കോടതിയിൽ. പ്രതികളുടെ ഹർജി പരിഗണിച്ച കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. ഹർജി അടുത്ത മാസം 12 ന് കോടതി വീണ്ടും പരിഗണിക്കും.ഒന്നാം പ്രതി രവി കപൂർ, രണ്ടാം പ്രതി അമിത് ശുക്ല, മൂന്നാം പ്രതി ബൽജീത് മാലിക്ക്, നാലാം പ്രതി അജയ് കുമാർ നാലുപേർക്കും ജീവപര്യന്തം ശിക്ഷയും പിഴയും ആയിരുന്നു കോടതി വിധിച്ചത്.

താൻ പതിനാല് വർഷവും ഒമ്പത് മാസവുമായി കസ്റ്റഡയിലാണെന്ന് ഒന്നാം പ്രതി രവി കപൂർ കോടതിയിൽ പറഞ്ഞു. 15 വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ നവംബർ 25 ന് ഒന്ന് മുതൽ നാല് വരെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും അഞ്ചാം പ്രതിയ്ക്ക് മൂന്ന് വർഷം തടവും ഏഴ് ലക്ഷം പിഴയും കോടതി വിധിച്ചത്.

2008 സെപ്റ്റംബർ 30നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡൽഹിയിൽ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈൻസ് ടുഡേ’ ചാനലിൽ മാധ്യമ പ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥ്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.

വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് മാധ്യമ പ്രവർത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മൃതദേഹപരിശോധനയിൽ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *