ശ്രീന​ഗറിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥന് നേരെ ഭീകരർ വെടിയുതിർത്തു


ശ്രീന​ഗറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥന് നേരെ ഭീകരർ വെടിയുതിർത്തു . മൈതാനത്ത്‌ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദ് വാനിക്ക് പരിക്കേറ്റത് . ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളേറ്റിട്ടുണ്ട്. ഞായറാഴ്ച വെെകീട്ടായിരുന്നു സംഭവം.അക്രമം നടന്ന ഉടൻ തന്നെ വാനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചതായി കശ്മീർ പോലീസ് അറിയിച്ചു.


സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. വടക്കൻ കശ്മീരിലെ നിയന്ത്രണ രേഖയിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം സെെന്യം പരാജയപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്.തീവ്രവാദി ആക്രമണമുണ്ടായ സാഹചര്യത്തിൽ പോലീസും അർധസെെനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികൾക്കായുള്ള തിരച്ചിലും പ്രദേശത്ത് പുരോ​ഗമിക്കുന്നുണ്ട്.




Sharing is Caring