എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും


സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ഇതേ തുടര്‍ന്ന് പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 6.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഗവര്‍ണര്‍ 6.50ഓടെ സര്‍വകലാശാലയില്‍ എത്തും.
ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ തങ്ങുക. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാരും ആറ് സിഐമാരും ഉള്‍പ്പെടെ മുന്നൂറിലേറെ പൊലീസുകാരാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുക.


ഇത് കൂടാതെ ഇസഡ് പ്ലസ് സംരക്ഷണമുള്ള ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ അഗ്നിശമന സേനയും മോട്ടോര്‍ വാഹന വകുപ്പും ഉണ്ടാകും.ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി. സെമിനാര്‍ ഉദ്ഘാടനമാണ് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി. മൂന്നുദിവസം ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങും.




Sharing is Caring