സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. യു ഡി എഫ് എം എല്‍ എ മാര്‍ സ്പീക്കറുടെ ഓഫീസീന് മുന്നില്‍ കുത്തിയിരിക്കുകയാണ്. ഇന്നലെ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് സ്പീക്കര്‍ പറഞ്ഞത് വലിയ പ്രതിഷേധം യു ഡി എഫ് അംഗങ്ങളുടെ ഭാഗത്ത് നിന്നും വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുന്നത് കേട്ട് സഭയില്‍ പെരുമാറുകയാണ് എന്ന് യു ഡി എഫ് ആരോപിക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ അതിക്തമായ പ്രതിഷേധമാണ് യു ഡി എഫ് അംഗങ്ങള്‍ സംഘടിപ്പിച്ചത്. സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ യുഡി എഫ് അംഗങ്ങള്‍ ശ്രമിക്കുകയും വാച്ച് ആന്റ് വാര്‍ഡ് അവരെ തടയുകയും ചെയ്തു. ഇതേ തുടര്‍ന്ന് എം എല്‍ എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും സനീഷ് കുമാര്‍ ജോസഫിനെയും വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തു എന്ന് യു ഡി എഫ് അംഗങ്ങള്‍ ആരോപിക്കുകയും ചെയ്തു.

സനീഷ് കുമാര്‍ ജോസഫിനെ ഇപ്പോള്‍ നിയമസഭയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷം അവസാനിച്ചിട്ടില്ല. യു ഡി എഫ് അംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഇപ്പോള്‍ സത്യാഗ്രഹം നടത്തുകയാണ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഓഫീസിലേക്ക് വന്നിട്ടില്ല.













