ബിജെപി സർക്കാരിന്റെ അഴിമതികൾ തുറന്നുകാണിക്കാൻ പാര്‍ട്ടി പ്രവര്‍ത്തകരോട്‌ സ്റ്റാലിന്റെ ആഹ്വാനം


ബിജെപി സർക്കാരിന്റെ അഴിമതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കഴിഞ്ഞദിവസം വെല്ലൂരിൽ നടന്ന ഡിഎംകെയുടെ പാർട്ടി പരിപാടിയിൽ പങ്കെടുക്കവെയാണ് സ്റ്റാലിന്റെ ആഹ്വാനം. ബിജെപിയെ തകർത്ത് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ വിജയത്തിനായി പ്രയത്നിക്കണമെന്നും സ്റ്റാലിൻ പാർട്ടി അംഗങ്ങൾക്ക് നിർദേശം നൽകി.


കേന്ദ്രസർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിൽ 7.50 ലക്ഷം കോടി രൂപയുടെ ക്രമക്കേടുകൾ ഉണ്ടെന്ന സിഎജി റിപ്പോർട്ട് ഉദ്ധരിച്ചാണ് ബിജെപിയുടെ അഴിമതി ആരോപണങ്ങൾ തുറന്നുകാട്ടാൻ മുഖ്യമന്ത്രി പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടത്.രാജ്യത്തെ ഇന്ധന വിലവർധനക്കെതിരെയും സ്റ്റാലിൻ ആഞ്ഞടിച്ചു. 2014 നും 2023 നും ഇടയിലുണ്ടായ ഇന്ധനവില വർധനവ് ചൂണ്ടികാണിച്ചായിരുന്നു സ്റ്റാലിന്റെ പരാമർശം. 2014ൽ ബിജെപി സർക്കാർ അധികാരത്തിലേറുമ്പോൾ ഇന്ത്യയുടെ കടഭാരം 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു.


ബിജെപിയുടെ ഭരണത്തിൽ കടം 155 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും സ്റ്റാലിൻ വിമർശിച്ചു.ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും (എൻഇപി) തമിഴ്‌നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ എൻഇപി ബാധിക്കുന്നതിനെ കുറിച്ചും സ്റ്റാലിൻ സംസാരിച്ചു. നീറ്റുമായി ബന്ധപ്പെട്ട ആത്മഹത്യകളിലും സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു. ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോലും വ്യാപിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.



Sharing is Caring