സുസ്ഥിരതയിലേക്ക് കുതിച്ച് ശ്രീനഗറും; ടാറ്റ മോട്ടോഴ്സിന്റെ അൾട്ര ഇവി ബസുകൾ കൈമാറി


ശ്രീനഗർ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ശ്രീനഗർ സ്മാർട്ട് സിറ്റി ലിമിറ്റഡിന് അത്യാധുനിക അൾട്രാ ഇവി എയർ കണ്ടീഷൻഡ് ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ച് വിതരണം ചെയ്തു. ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് (ജമ്മു ആൻഡ് കശ്മീർ) വഴിയാണ് സുസ്ഥിരതയിലേക്ക് വഴി തെളിച്ച് പുതിയ ബസുകൾ കൈമാറിയത്. ജമ്മു, ശ്രീനഗർ സ്മാർട്ട് സിറ്റി പദ്ധതികൾക്കായി 12 വർഷത്തേക്ക് ശ്രീനഗറിൽ 100 ഇലക്ട്രിക് ബസുകളുടെയും ജമ്മുവിൽ 100 ഇലക്ട്രിക് ബസുകളുടെയും വിതരണവും പരിപാലിക്കുന്നതിനുമുള്ള ഓർഡർ ടാറ്റ മോട്ടോഴ്സിന് ലഭിച്ചിരുന്നു. പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരമായ പൊതുഗതാഗത ശൃംഖല സ്ഥാപിക്കുന്നതിനുള്ള ജമ്മു ആൻഡ് കാശ്മീർ സർക്കാരിന്റെ ഭവന, നഗര വികസന വകുപ്പിന്റെ ഒരു സംരംഭത്തിന്റെ ഭാഗമാണ് ഈ സഹകരണം.


നൂതന ബാറ്ററി സംവിധാനങ്ങളും ഏറ്റവും പുതിയ ഫീച്ചറുകളും ഉൾകൊള്ളിച്ച് അടുത്ത തലമുറ നിർമാണശൈലിയിൽ രൂപകൽപ്പന ചെയ്ത് തദ്ദേശിയമായി നിർമാണം പൂർത്തിയാക്കിയ ബസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ശ്രീനഗറിൽ അന്തർ-സംസ്ഥാന ഉടനീളം സുരക്ഷിതവും സൗകര്യപ്രദവുമായ നഗര യാത്രകൾ പുതിയ ബസുകൾ വാഗ്ദാനം ചെയ്യുന്നു. ജമ്മു കശ്മീർ ലഫ്റ്റണന്റ് ഗവർണർ മനോജ് സിൻഹ, ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത, ശ്രീനഗർ മേയർ ജുനൈദ് അസിം മട്ടു, പ്രിൻസിപ്പൽ സെക്രട്ടറി പ്രശാന്ത് ഗോയൽ എന്നിവർ ചേർന്ന് പുതിയതായി നിരത്തിലിറങ്ങിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കശ്മീർ ഡിവിഷണൽ കമ്മിഷണറും ശ്രീനഗർ സ്മാർട് സിറ്റി ചെയർമാനുമായ വിജയ് കുമാർ ബുധൂരി, ട്രാൻസ്പോർട്ട് വിഭാഗം അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി പ്രസന്ന രാമസ്വാമി, ശ്രീനഗർ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണറും ശ്രീനഗർ സ്മാർട് സിറ്റി സിഇഒയുമായ അത്തർ അമീർ ഖാൻ ഐഎഎസ് എന്നിവർക്ക് പുറമെ വിവിധ സർക്കാർ ഉദ്യോഗസ്ഥരും ടാറ്റ മോട്ടോഴ്സ് പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായി.


ഈ അവസരത്തിൽ ശ്രീനഗറിലെ പൗരന്മാരെ അഭിനന്ദിക്കുന്നതായി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ഇലക്ട്രിക് ബസുകൾ നഗരത്തിലെ പൊതുഗതാഗതത്തിന്റെ മാതൃക മാറ്റുമെന്ന് പറഞ്ഞ അദ്ദേഹം നഗരത്തിനായുള്ള വിശാലമായ സംയോജിത സുസ്ഥിര നഗര മൊബിലിറ്റിയുടെ ഭാഗമാണിതെന്നും കൂട്ടിച്ചേർത്തു. ഇത്തരം സംരംഭങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹം നന്ദി അറിയിച്ചു.



Sharing is Caring