ശ്രീരാജിനിത് രണ്ടാം ജന്മം; റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് റേസറെ രക്ഷപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി


അങ്കമാലി: നോര്‍ത്ത് പറവൂറുകാരന്‍ ശ്രീരാജ് ഹര്‍ഷനെന്ന ബൈക്ക് റൈസര്‍ക്ക് ഇത് രണ്ടാം ജന്മം. ഏപ്രില്‍ 18ന് ചാലക്കുടിയില്‍ വച്ച് നടന്ന റോഡ് അപകടത്തില്‍ വലിയ തോതില്‍ രക്തം നഷ്ടപ്പെടുകയും കരള്‍ തകരുകയും ചെയ്ത 26 കാരന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ നടന്ന 5 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടുവിലാണ് പുനര്‍ജ്ജന്മം ലഭിച്ചത്.


അമിത രക്തസ്രാവം കാരണം രക്തസമ്മര്‍ദ്ദം കുറയുകയും അബോധാവസ്ഥയിലാകുകയും ചെയ്ത ശ്രീരാജിനെ, ഡോ. കാര്‍ത്തിക് കുല്‍ശ്രേഷ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സങ്കീര്‍ണതകള്‍ ഏറെയുണ്ടായിരുന്നെങ്കിലും വയറിനുള്ളില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്യാനും, രക്തസ്രാവം നിയന്ത്രിക്കാനും, തകര്‍ന്ന കരള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാനും സാധിച്ചു. ഏപ്രില്‍ 29ന് ശ്രീരാജിന് പൂര്‍ണ ആരോഗ്യത്തോടെ തിരികെ പോകാനായി. ”ശ്രീരാജിന്റെ ഈ തിരിച്ചു വരവ് തീര്‍ച്ചയായും ഒരു അത്ഭുതമാണ്, രക്തം അധികമായി പോയതിനാല്‍ ഇത്തരം അപകടത്തെ അതിജീവിക്കുക എന്നത് പ്രയാസമാണ്. അവിശ്വസനീയമായ പ്രതിരോധശേഷിയും ശരിയായ മെഡിക്കല്‍ ഇടപെടലുമാണ് ഈ അസാധാരണമായ വീണ്ടെടുക്കലിന് കാരണമായത്. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെന്നും പൂര്‍ണ ആരോഗ്യവാനായി റെയ്‌സിങ്ങില്‍ തന്റെ കരിയര്‍ പൂര്‍ണമായി പുനഃരാരംഭിക്കാനും ഭാവിയില്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ മികച്ച ജീവിതം നയിക്കാനും ശ്രീരാജിന് കഴിയുമ്പോഴാണ് നമ്മുടെ കാഴ്ചപ്പാടില്‍ യഥാര്‍ത്ഥ വിജയം നേടി എന്ന് പറയാനാകുകയെന്നും ഡോ. കാര്‍ത്തിക് കുല്‍ശ്രേഷ്ത പറഞ്ഞു.


മെക്കാനിക് കൂടിയായ ശ്രീരാജ് ഹര്‍ഷന്‍ 2021 ലെ സ്റ്റണ്ടഡ് ബൈക്ക് വി വിഭാഗത്തിലെ ഇന്റര്‍മീഡിയറ്റ് കാറ്റഗറി ദേശീയ ചാമ്പ്യനും ഹീറോ അള്‍ട്ടിമേറ്റ് ഡെസേര്‍ട്ട് ചലഞ്ച് 2023 വിജയിയുമാണ്. 2022ഇല്‍ ജയ്പൂരില്‍ നടന്ന ഹീറോ ഡേര്‍ട്ട് ബൈക്കിംഗ് ചലഞ്ചില്‍ ഇന്ത്യയില്‍ നിന്നുള്ള 20 യോഗ്യതാ താരങ്ങളിലൊരാള്‍ ശ്രീരാജ് ആയിരുന്നു. ഇതിനെല്ലാമുപരി സ്റ്റോപ്പി ഷോപ്പിന്റെ സഹസ്ഥാപകനും സൂപ്പര്‍ബൈക്ക് മെക്കാനിക്കും, ബൈക്ക് സ്റ്റണ്ട് പരിശീലകനും ഓഫ് റോഡിംഗ് കോച്ചുമാണ് അദ്ദേഹം.

”അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘത്തിന്റെ അചഞ്ചലമായ അര്‍പ്പണബോധത്തിന്റെയും വൈദഗ്ധ്യത്തിന്റെയും ഫലമായാണ് ശ്രീരാജിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചതിനു പിന്നിലെന്ന്,’ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ സിഇഒ സുദര്‍ശന്‍ ബി പറഞ്ഞു.



Sharing is Caring