സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയമെന്ന് റിപ്പോർട്ട്


സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയമെന്ന് റിപ്പോർട്ട്. വിക്ഷേപണത്തിന് ലക്ഷ്യത്തിലെത്താൻ ആയില്ലെന്നാണ് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. ഇന്ധന ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ഇത് തിരിച്ചടി അല്ലെന്നാണ് സ്പേസ് എക്സിന്റെ പ്രതികരണം. ലക്ഷ്യത്തിൽ എത്തും മുൻപ് സ്റ്റാർഷിപ് തകർന്നെന്ന് സ്പേസ് എക്സ് പ്രതികരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ എവിടെയാണ് തകർന്ന് വീണത് എന്ന് നിശ്ചയമില്ലെന്ന് സ്പേസ് എക്സ് വിശദമാക്കി. ലാൻഡിങ്ങിന് മുൻപ് നിയന്ത്രണം നഷ്ടപ്പെട്ടു.


വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു.മെയ് 28ന് പുലർച്ചെ ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പ് കുതിച്ചുയർന്നത്. സ്റ്റാർഷിപ്പിൻറെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങൾ പരാജയമായിരുന്നു എന്നതിനാൽ ഇലോൺ മസ്‌കിൻറെ സ്പേസ് എക്സിനെ സംബന്ധിച്ച് അഭിമാന ദൗത്യമായിരുന്നു ഇന്നത്തേത്.2025 ജനുവരിയിൽ നടന്ന ഏഴാം സ്റ്റാർഷിപ്പ് വിക്ഷേപണ പരീക്ഷണവും മാർച്ച് ആറിനെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല.


മാർച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തിൽ സ്റ്റാർഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. 240 വിമാന സർവീസുകൾ തടസപ്പെട്ടപ്പോൾ രണ്ട് ഡസനിലധികം വിമാനങ്ങൾ വഴിതിരിച്ച് വിടേണ്ടിയും വന്നു.



Sharing is Caring