കോഴിക്കോട്: മലബാറിന്റെ ഐ.ടി ഭൂപട വികസനത്തിന് തയാറെടുത്ത് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറമേ പുതിയ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറെടുക്കുകയാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്. അതിന്റെ ഭാഗമായി സൈബര്‍പാര്‍ക്കില്‍ ലഭ്യമായ സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കോ-ഡെവലപ്പര്‍മാരെ ക്ഷണിച്ചു. 90 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാവുന്ന മുപ്പത് വര്‍ഷത്തെ ദീര്‍ഘകാല പാട്ടക്കരാറിനാണ് സ്ഥലം ലഭ്യമാകുക. ആകെ സൈബര്‍പാര്‍ക്കിലുള്ള 43 ഏക്കര്‍ സ്ഥലത്തില്‍ ബാക്കിയുള്ള 25 ഏക്കര്‍ സ്ഥലമാണ് പാട്ടത്തിന് ലഭ്യമാകുന്നത്. ഇവിടെ ഐ.ടി/ ഐ.ടി.ഇ.എസ് വ്യവസായവും ഇതര വ്യവസായങ്ങളും നടത്താന്‍ കഴിയും. കോഴിക്കോടിന്റെ ടൂറിസം സാധ്യതകളും ലഭ്യമാകുന്ന വളരെ മികച്ച ടാലന്റ് പൂളും ഉപയോഗപ്പെടുത്താനാകുമെന്നും ഇത് കോഴിക്കോടിന്റെ ഐ.ടി വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 25 ഏക്കര്‍ സ്ഥലത്തിന് പുറമേ നാല് ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് പുതിയ ഐ.ടി കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭ്യമായിക്കഴിഞ്ഞു. ഇതും കോഴിക്കോടേക്ക് പുതിയ ഐ.ടി കമ്പനികളെ ആകര്‍ഷിക്കാനും നിരവധി തൊഴിലവസരങ്ങള്‍ ഒരുക്കാനും കാരണമാകും.

റിക്രിയേഷണല്‍ ഫെസിലിറ്റികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ ടര്‍ഫിന്റെ നിര്‍മാണവും സൈബര്‍പാര്‍ക്കില്‍ പുരോഗമിക്കുകയാണ്.
നിലവില്‍ മൂന്ന് ലക്ഷം സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ്പ് സ്ഥലത്ത് 84 കമ്പനികളിലായി 2,100 ജീവനക്കാരുമായാണ് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിന്റെ പ്രവര്‍ത്തനം. 105 കോടി രൂപയായിരുന്നു അവസാന സാമ്പത്തിക വര്‍ഷത്തെ സോഫ്റ്റുവെയര്‍ കയറ്റുമതി വരുമാനം.














