യാചകര്‍ക്കും അനധികൃത തെരുവുകച്ചവടക്കാര്‍ക്കും എതിരായ നടപടി ശക്തമാക്കി ഷാര്‍ജ പൊലീസ്. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ആയിരത്തിലേറെ പേരാണ് പൊലീസ് കാമ്ബയിനില്‍ പിടിയിലായത്. യാചകര്‍, നിയമവിരുദ്ധമായി വെള്ളക്കുപ്പികള്‍, സിഗരറ്റുകള്‍, നമസ്കാര പായകള്‍ തുടങ്ങിയവ വില്‍ക്കുന്നവര്‍ എന്നിങ്ങനെ 875 പുരുഷന്മാരും 236 സ്ത്രീകളും ഈ വര്‍ഷം പിടിയിലായതായി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇവരില്‍ 166 പേര്‍ പിടിയിലായത് റമദാന്‍ മാസത്തിലാണ്. ചില യാചകര്‍ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായാണ് ഭിക്ഷ യാചിക്കാന്‍ ഇറങ്ങുന്നതെന്നും ജനങ്ങളെ വഞ്ചിക്കുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഷാര്‍ജ പൊലീസിന്‍റെ പ്രത്യേക സംഘംതന്നെ ഇത്തരക്കാരെ പിടികൂടുന്നതിന് പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസം മുഴുവന്‍ നിരീക്ഷണം നടത്തുന്ന സംഘം എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തടയുന്നതിനാണ് നടപടി സ്വീകരിക്കുന്നത്. യാചന പലപ്പോഴും മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. യാചകരെ പിടികൂടിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കുറ്റവാളികളെ കുറിച്ച് ഷാര്‍ജ താമസക്കാര്‍ക്ക് പൊലീസിനെ വിവരമറിയിക്കാന്‍ അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 901 എന്ന നമ്ബറിലോ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഹോട്ട്‌ലൈനായ 80040ലോ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാം. പൊലീസിന്‍റെ വെബ്സൈറ്റ് വഴിയോ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയോ പരാതി നല്‍കാനും കഴിയും. യു.എ.ഇയില്‍ ഭിക്ഷാടനത്തിനിടെ പിടിയിലായാല്‍ മൂന്നുമാസം തടവും കുറഞ്ഞത് 5,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ഭിക്ഷാടകരുടെ സംഘങ്ങളെ നയിക്കുന്നവര്‍ക്കും രാജ്യത്തിന് പുറത്തുനിന്ന് ആളുകളെ ഭിക്ഷാടനത്തിനായി റിക്രൂട്ട് ചെയ്യുന്നവര്‍ക്കും ആറുമാസം തടവും 1,00,000 ദിര്‍ഹം വരെ പിഴയും ലഭിക്കും. ഷാര്‍ജയിലെ പൊലീസ് നടപടി ശക്തമായതോടെ ഭിക്ഷാടകരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്.













