ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ഇന്ത്യാ ഗേറ്റിന് സമീപം സുരക്ഷ ശക്തമാക്കി


ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ഇന്ത്യാ ഗേറ്റിന് സമീപം സുരക്ഷ ശക്തമാക്കി. ഇവിടെ സമരം ഇരിക്കുമെന്ന ഗുസ്തി താരങ്ങളുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്.തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നും തുടര്‍ന്ന് ഇന്ത്യാ ഗേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരങ്ങളെ കര്‍ഷക നേതാക്കള്‍ അനുനയിപ്പിച്ചു.


അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് സ്വീകരിക്കരുതെന്ന നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ ഇന്ത്യാ ഗേറ്റില്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.എന്നാല്‍ ഡല്‍ഹി പൊലീസ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ സമരം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. ലൈംഗീകാരോപണത്തില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്.


അതേസമയം അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഇടപെട്ടിട്ടുണ്ട്. ഗുസ്തി താരങ്ങളുമായി അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ പക്ഷാരഹിതമായ അന്വേഷണം വേണമെന്നും ഗുസ്തി താരങ്ങളോടുള്ള സമീപനം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും ഐഒസി വ്യക്തമാക്കി.



Sharing is Caring