ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങി. നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇടുക്കി എസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഡാം സന്ദർശനത്തിനായി എത്തിയ യുവാവ് സുരക്ഷ മറികടന്ന് അണക്കെട്ടിലെ 11 സ്ഥലങ്ങളിൽ താഴ് ഉപയോഗിച്ച് പൂട്ടുക ആയിരുന്നു.പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഇയാൾ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് നടപടി.
ഒറ്റപ്പാലത്തു നിന്നും ഇയാളുടെ കുടുംബ പശ്ചാത്തലമുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജൂലൈ 22 ന് പകൽ മൂന്നേകാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡാമിലെ ഹൈമാസ്സ് ലെറ്റുകളുടെ ടവറിലും എർത്ത് വയറുകളിലും ഉൾപ്പെടെ 11 സ്ഥലങ്ങളിലാണ് ഇയാൾ താഴിട്ട് പൂട്ടിയത്. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.സെപ്റ്റംബർ നാലിനാണ് സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെടുന്നത്.

കെഎസ്ഇബിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇയാളോടൊപ്പം ഡാം സന്ദർശനത്തിനെത്തിയ തിരൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാനായി പൊലീസ് ഊർജിത ശ്രമം ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുന്നത്.













