സീസൺ ടിക്കറ്റ്


പ്രബൽ ഭരത


പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിൻ അനങ്ങി തുടങ്ങിയപ്പോൾ വെപ്രാളപ്പെട്ടാണ് അഖിൽ എട്ടാം നമ്പർ കോച്ച് ലക്ഷ്യമാക്കി ഓടി തുടങ്ങിയത്. ട്രെയിനിൻ്റെ വേഗം കൂടുന്നതിന് മുമ്പ് തന്നെ അവൻ കമ്പാർട്ട്മെൻ്റിൽ ഒരു വിധത്തിൽ ചാടിക്കയറി. സീസൺ ടിക്കറ്റുകാർ തിങ്ങി നിറയുന്ന രാവിലത്തെ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ യാത്രയിൽ അഖിലിന് പരിചയമില്ലാത്തവർ കുറവാണ്. വർഷം രണ്ടു കഴിഞ്ഞു കോഴിക്കോട്ട് നിന്ന് ഷൊർണ്ണൂർ വരെയുള്ള ഈ യാത്ര തുടങ്ങിയിട്ട്. ഓഫീസിലേക്കുള്ള യാത്രയിൽ നിത്യവും കാണുന്നവരെ അഖിൽ തൻ്റെ സൗഹൃദ വലയത്തിൽ എന്നേ തുന്നിചേർത്ത് കഴിഞ്ഞിരുന്നു. യാത്രയ്ക്കിടയിൽ പലപ്പോഴും തൻ്റെ കണ്ണുകൾ അവളുടെ കണ്ണുകളായി ഉടക്കിയിരുന്നെങ്കിലും ഇതുവരെ അവളുമായി സംസാരിക്കാൻ അവന് കഴിഞ്ഞിരുന്നില്ല. ഷൊർണ്ണൂർ യാത്ര തുടക്കത്തിൽ അഖിലിന് വെറുപ്പായിരുന്നെങ്കിലും അവളുടെ സാന്നിദ്ധ്യം അവൻ്റെ വെറുപ്പിനെ എന്നേ ഭസ്മീകരിച്ചിരുന്നു. ഇന്നും അവളെ കാണാൻ വേണ്ടി മാത്രമാണ് അഖിൽ എട്ടാം നമ്പർ കോച്ചിലേക്ക് ഓടിക്കയറിയത്. ചങ്ങാതി ഇങ്ങനെ ഓടിക്കയറേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? പുറകിലെ കമ്പാർട്ട്മെൻ്റിൽ കയറിയാൽ പോരായിരുന്നോ? ട്രെയിൻ ട്രൊവൽ വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിൻ കൂടിയായ സജീഷിൻ്റെ ചോദ്യതിന് അവളുടെ കണ്ണുകളിലേക്ക് നോട്ടം പായിച്ച് ഒരു ചിരി മാത്രമായിരുന്നു അഖിലിൻ്റെ ഉത്തരം. എല്ലാ ദിവസവും രാവിലെ തമ്മിൽ കാണുന്നവരിൽ പലരുമായും അഖിലിന് അടുത്ത ബന്ധം തന്നെയുണ്ടായിരുന്നു. അവളൊഴികെ മറ്റു സ്ത്രീകളുമായും അഖിൽ സൗഹൃദം സ്ഥാപിച്ചിരുന്നു. എൻ്റെ അഖിലേട്ടാ വല്ലതും പറ്റിയിരുന്നെങ്കിൽ ഈ ചിരി ഉണ്ടാവുമായിരുന്നോ? അവളുടെ തൊട്ടടുത്ത് നിന്ന രേഷ്മയുടെ ചോദ്യത്തിന് അഖിൽ പക്ഷെ മറുപടി നൽകി. ഇതിൽ കയറിയില്ലെങ്കിൽ നിങ്ങളെ ഒക്കെ കാണാൻ പറ്റുമോ. അഖിലിൻ്റെ മറുപടി കേട്ടതും അവൾ പുഞ്ചിരിച്ചു കൊണ്ടു പുറത്തേക്ക് നോക്കി. ആ ചെറുപുഞ്ചിരി അഖിലിനെ സംബന്ധിച്ചെടുത്തോളം ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചതിന് തുല്യമായിരുന്നു. നാളിതുവരെ കണ്ണുകൾ ഉടക്കുന്നതല്ലാതെ ഒന്നു മിണ്ടാനുള്ള അവസരം അവന് ലഭിച്ചിട്ടില്ല. അല്ല, അവസരം ഒത്തുവന്നിട്ടും അഖിലിന് മിണ്ടാനുള്ള ധൈര്യമുണ്ടായില്ലെന്നതാണ് സത്യം. ഇന്നൊരു ചിരി കിട്ടിയല്ലൊ. പട്ടാമ്പി എത്തുമ്പോൾ തിരക്കൊഴിയും ഇന്നെന്തായാലും അവളുടെ പേരെങ്കിലും ചോദിക്കണം. അവൻ മനസ്സിലുറപ്പിച്ചു. അവളുടെ കൂട്ടുകാരി രേഷ്മ പട്ടാമ്പിയിലാണ് ഇറങ്ങാറുള്ളത്. അവിടെ എത്തുമ്പോൾ സീറ്റും കിട്ടാറുണ്ട്. ഇന്ന് അവൾക്കരിൽ എങ്ങെനെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്തണമെന്ന് അവൻ ഉറപ്പിച്ചുക്കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അഖിൽ തിരക്കിനിടയിലൂടെ പതുക്കെ അവർക്കരികിലേക്ക് നടന്നു തുടങ്ങി. പട്ടാമ്പി എത്തിയതും കമ്പാർട്ട്മെൻ്റ് ഏറെക്കുറേ കാലി ആയി. വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ച അവൾക്കരികിലായി അഖിൽ അമർന്നിരുന്നു. ജനൽപ്പാളിയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചിരുന്ന അവളോട് പേരെന്താണെന്ന ഒറ്റവരി ചോദ്യം പോലും ഉന്നയിക്കാൻ അഖിലിന് സാധിച്ചില്ല. പതിവില്ലാത വിധം കൈവെള്ള വിയർത്തൊഴുകുന്നത് അവനറിയുന്നുണ്ടായിരുന്നു. താൻ ആഗ്രഹിച്ച പോലെ എല്ലാ സാഹചര്യവും ഒത്തുവന്നിട്ടും അവളോട് ഒരുവാക്ക് പോലും മിണ്ടാൻ കഴിയാത്തതിൻ്റെ ഈർഷ്യ അവൻ ഉള്ളിലൊതുക്കി. ട്രെയിനിൻ്റെ വേഗം കുറഞ്ഞപ്പോൾ അഖിലിൻ്റെ ചങ്കിടിപ്പിൻ്റെ വേഗം വർധിച്ചു കൊണ്ടേയിരുന്നു. വണ്ടി ഷൊർണ്ണൂർ സ്റ്റേറ്റഷനിലേക്ക് അടുക്കുകയാണെന്ന യാഥാർഥ്യം അവൻ മനസ്സില്ലാ മനസ്സോടെ ഉൾക്കൊണ്ടു. സീറ്റിൽ നിന്ന് അവളാണ് ആദ്യം എഴുന്നേറ്റത്. അവൾ വാതിലിനരികെ എത്തിയ ശേഷമാണ് ആരോടോ ദേഷ്യം തീർക്കുന്ന മട്ടിൽ അഖിൽ എഴുന്നേറ്റത്. ഇത്ര അടുത്ത് കിട്ടിയിട്ടും ഒന്നും മിണ്ടാൻ സാധിക്കാത്തതിൻ്റെ വിഷമം അണപ്പൊട്ടി കണ്ണിനെ ഈറനണിയിക്കുമെന്ന ഘട്ടത്തിൽ അവൻ പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് മുഖം തുടച്ചു. അവൾക്ക് പിന്നാലെ അവനും ട്രെയിനിൽ നിന്നിറങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്ദർശനം പ്രമാണിച്ച് പ്ലാറ്റ്ഫോമിൽ പരിശോധന തകൃതിയായി നടക്കുന്നതിനിടയിലേക്കാണ് ഇരുവരും ചെന്നിറങ്ങിയത്. ആർ പി എഫ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും ടിക്കറ്റ് പരിശോധിക്കുന്നത് കണ്ട് അവൾ ബാഗിൽ നിന്ന് തൻ്റെ സീസൺ ടിക്കറ്റ് എടുത്ത് ടി ടി ഇ ക്ക് മുന്നിലേക്ക് നീട്ടി. ടിക്കറ്റ് മറിച്ചു നോക്കിയ ടി ടി ഇ നേരെ കൈ ചൂണ്ടി കാണുച്ചു. പ്ലാറ്റ്ഫോമിൻ്റെ അങ്ങേയറ്റത് ഉദ്യോഗസ്ഥർ ഫൈൻ ഈടാക്കുന്നുണ്ട്. അവിടേക്ക് ചെല്ലാനാണ് അയാൾ ആവശ്യപ്പെട്ടത്. അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്. അവളുടെ സീസൺ ടിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞിട്ട് രണ്ടു ദിവസമായി. ടിക്കറ്റ് എക്സ്പെയർ ആയോ? സർവ്വ ശക്തിയും സംഭരിച്ച് പിന്നിൽ നിന്ന അഖിലിൻ്റെ ചോദ്യം അവളുടെ ഇടത് കാതിൽ പതിഞ്ഞു. അതെ, ഓർത്തിരുന്നതാണ്. പക്ഷെ കൃത്യം സമയമായപ്പോൾ മറന്നു. ആദ്യമായി അവളുടെ ശബ്ദം കേട്ട അഖിൽ മരുഭൂമിയിലെ മഴ നനഞ്ഞതുപോലെ ഒരു നിമിഷം കണ്ണടച്ചു നിന്നു. സാരമില്ല, ഫൈൻ അടച്ചിട്ട് പോവാം. ഞാനും വരാം. ഇരുവരും നടക്കുന്നതിനിടയിലാണ് അവൾ വീണ്ടും ബാഗ് പരിശോധിച്ചത്. അവളുടെ കയ്യിൽ കാശായി മുന്നൂറ് രൂപ മാത്രമാണുണ്ടായിരുന്നത്. ഉടൻ തന്നെ ഫോണെടുത്ത് അവൾ ഡിയർ എന്ന പേരിൽ സേവ് ചെയ്ത നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു. നിൻ്റെ ശ്രദ്ധക്കുറവ്, പണമില്ലെങ്കിൽ അവിടെ ഇരുന്നോ. അപ്പുറത്ത് നിന്നുള്ള മറുപടി കേട്ട് കണ്ണ് നിറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്ത ഉടനെ അഖിൽ തൻ്റെ പേഴ്സെടുത്തു. പണം ഞാൻ തരാമെന്ന് പറഞ്ഞ് അവൾക്ക് മുന്നിലേക്ക് നീട്ടി. ചെറുപുഞ്ചിരിയോടെ അവൾ അഖിലിൻ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. സ്വന്തം ഭർത്താവിനില്ലാത്ത വിഷമം നിങ്ങൾക്കെന്തിനാ? നിങ്ങളെൻ്റെ ആരാ?




Sharing is Caring