ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ സഞ്‌ജു സാംസണും


മുംബൈ: ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ മലയാളി വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണും.ഒരു കോടി രൂപ പ്രതിഫലമുള്ള സി ഗ്രേഡിലാണ്‌ സഞ്‌ജു ഉള്‍പ്പെട്ടത്‌.
ആദ്യമായാണ്‌ സഞ്‌ജു ബി.സി.സി.ഐയുടെ കരാറില്‍ ഇടംപിടിക്കുന്നത്‌. ഏഴ്‌ കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ്‌ കരാറില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇടംപിടിച്ചു.
രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി, ജസ്‌പ്രീത്‌ ബുംറ എന്നിവര്‍ക്കൊപ്പമാണു ജഡേജ. രണ്ട്‌ ഗ്രേഡുകള്‍ കയറിയാണു ജഡേജ ഏഴ്‌ കോടിക്കാരനായത്‌. അഞ്ച്‌ കോടിക്കാരുടെ എ ഗ്രേഡിലേക്കു ഹാര്‍ദിക്‌ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു സ്‌ഥാനക്കയറ്റം ലഭിച്ചു.


ആര്‍. അശ്വിന്‍, മുഹമ്മദ്‌ ഷമി, ഋഷഭ്‌ പന്ത്‌, അക്ഷര്‍ പട്ടേല്‍ എന്നിവരാണ്‌ എ ഗ്രേഡുകാര്‍. സൂര്യകുമാര്‍ യാദവ്‌, ശുഭ്‌മന്‍ ഗില്‍ എന്നിവര്‍ മൂന്ന്‌ കോടിക്കാരുടെ ബി ഗ്രേഡിലേക്കു കയറി. ലോകേഷ്‌ രാഹുലിനെ എയില്‍നിന്ന്‌ ബി ഗ്രേഡിലേക്കു താഴ്‌ത്തി.ചേതേശ്വര്‍ പൂജാര, ശ്രേയസ്‌ അയ്യര്‍, മുഹമ്മദ്‌ സിറാജ്‌ എന്നിവര്‍ ബി ഗ്രേഡില്‍ തുടര്‍ന്നു. ശാര്‍ദൂല്‍ ഠാക്കൂര്‍ ബിയില്‍നിന്നു സിയിലേക്കു താണു.


ഉമേഷ്‌ യാദവ്‌, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, ദീപക്‌ ഹൂഡ, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ്‌ യാദവ്‌, വാഷിങ്‌ടണ്‍ സുന്ദര്‍, അര്‍ഷദീപ്‌ സിങ്‌, ശ്രീകര്‍ ഭരത്‌ എന്നിവരാണു സഞ്‌ജുവിനൊപ്പം സി ഗ്രേഡിലുള്ളത്‌.
അജിന്‍ക്യ രഹാനെ, ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മായങ്ക്‌ അഗര്‍വാള്‍, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ദീപക്‌ ചാഹാര്‍ എന്നിവരെ കരാര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാക്കി. രഹാനെയും ഇഷാന്തും ബി ഗ്രേഡുകാരായിരുന്നു.



Sharing is Caring