തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ തള്ളി. സാമ്ബത്തിക നിക്ഷേപ തട്ടിപ്പുകള്‍ നടത്തിയതിന് അറസ്റ്റിലായ പ്രവീണ്‍ റാണ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
റാണ സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോളാണ് തള്ളിയത്. അതേസമയം ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കേസില്‍ പ്രവീണ്‍ റാണയെ 10 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു.

തൃശൂര്‍ ഈസ്റ്റ് പോലീസ് റജിസ്റ്റര്‍ ചെയ്തിരുന്നതും നിലവില്‍ ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസുകളില്‍ നല്‍കിയ ജാമ്യാപേക്ഷകളാണ് കോടതി വാദം കേട്ട് തള്ളിയത്. അന്വേഷണമധ്യേ ക്രൈംബ്രാഞ്ച് പോലീസ് റജിസ്റ്റര്‍ ചെയ്ത ഒരു കേസിലാണ് ഇപ്പോള്‍ കസ്റ്റഡി ഉത്തരവായിരിക്കുന്നത്. ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി. ടി.ആര്‍. സന്തോഷ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി പത്തു ദിവസത്തെ കസ്റ്റഡി നല്‍കിയത്.













