യുക്രെയിനില്‍ ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഏര്‍പ്പെട്ട കരാറില്‍ നിന്ന് പിന്മാറി റഷ്യ


മോസ്കോ : യുക്രെയിനില്‍ നിന്ന് കരിങ്കടല്‍ വഴി ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഏര്‍പ്പെട്ട സുപ്രധാന കരാറിലെ പങ്കാളിത്തം അവസാനിപ്പിച്ച്‌ റഷ്യ.കരാറുമായി സഹകരിക്കാൻ റഷ്യ നിശ്ചയിച്ചിരുന്ന കാലയളവ് ഇന്നലെ അവസാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റഷ്യ മൂന്ന് തവണ കരാര്‍ നീട്ടാൻ സമ്മതിച്ചിരുന്നു.എന്നാല്‍ ഇനി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത പക്ഷം കരാര്‍ നീട്ടില്ലെന്നാണ് റഷ്യ പറയുന്നത്.


ഇന്നലെ ക്രൈമിയയിലെ കെര്‍ച് കടല്‍പ്പാലത്തിലുണ്ടായ സ്ഫോടനം കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നും തീരുമാനം യുക്രെയിൻ, തുര്‍ക്കി, യുഎൻ എന്നിവരെ ഔദ്യോഗികമായി അറിയിച്ചെന്നും റഷ്യ അറിയിച്ചു.യുക്രെയിനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായും തുര്‍ക്കിയുമായുള്ള സുപ്രധാന കരാറുകളില്‍ കഴിഞ്ഞ വര്‍ഷം ജൂലായിലാണ് റഷ്യയും യുക്രെയിനും ഒപ്പിട്ടത്.


ഇതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ യുക്രെയിനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ റഷ്യ അനുവദിച്ചിരുന്നു.റഷ്യ – യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ ലോകമെമ്ബാടും ആളിക്കത്തിയ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തണുപ്പിക്കാൻ ഈ കരാര്‍ സഹായിച്ചിരുന്നു. ഗോതമ്ബടക്കം ഇതുവരെ ഏകദേശം 32.9 ദശലക്ഷം മെട്രിക് ടണ്‍ ധാന്യം യുക്രെയിനില്‍ നിന്ന് കയറ്റുമതി ചെയ്തു.



Sharing is Caring