കണ്ണൂരില്‍ കാറിന് തീപിടിച്ച സംഭത്തില്‍ അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്


കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കണ്ണൂര്‍ ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ രാവിലെ 10.40 ഓടെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ്ണ ഗര്‍ഭിണിയായ റീഷയെ പ്രസവവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിയില്‍ എത്താന്‍ 100 മീറ്റര്‍ മാത്രം അവശേഷിക്കവേയാണ് കാറില്‍ തീ പടര്‍ന്നത്.


പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന റീഷയുടെ അച്ഛന്‍, അമ്മ, മാതൃസഹോദരി,മൂത്ത കുട്ടി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്‍ സീറ്റില്‍ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല.



Sharing is Caring