റിയാദ് സീസണ്‍ കപ്പ് കിരീടം അല്‍ ഹിലാലിന്. ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച അല്‍ നസ്റിനെ ഏകപക്ഷീയമായ രണ്ടുഗോളിനാണ് (2-0) കീഴടക്കിയത്.കിങ് ഫഹദ് സ്പോട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.
17ാം മിനിറ്റില്‍ മിലിങ്കോവിച് സാവിചാണ് ആദ്യ ഗോള്‍ നേടിയത്. 30ാം മിനിറ്റില്‍ സലീം അല്‍ ദൗസരിയിലൂടെ അല്‍ ഹിലാല്‍ ലീഡ് ഇരട്ടിയാക്കി (2-0). രണ്ടു ഗോള്‍ പിന്നിലായ അല്‍ നസ്ർ മറുപടി ഗോളിനായി അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു.
സൗഹൃദ ഫുട്ബാള്‍ ടൂര്‍ണമെന്റായ റിയാദ് സീസണ്‍ കപ്പില്‍ മൂന്ന് ടീമുകളാണ് മാറ്റുരച്ചത്. അമേരിക്കയില്‍ നിന്നുള്ള സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ ഇന്റർ മയാമിയും സൗദി പ്രൊ ലീഗ് കരുത്തരായ അല്‍ ഹിലാലും അല്‍ നസ്റും. രണ്ടു സൗദി ക്ലബുകളോടും ദയനീയമായി പരാജയപ്പെട്ടാണ് മെസ്സിയും സംഘവും മടങ്ങിയത്.
ആദ്യ മത്സരത്തില്‍ 4-3ന് അല്‍ ഹിലാലിനോട് തോറ്റ ഇന്റർ മയാമി രണ്ടാം മത്സരത്തില്‍ അല്‍ നസ്റിനോട് 6-0ത്തിനാണ് തോറ്റത്. മെസ്സിയും റൊണാള്‍ഡോയും നേർക്കു നേർ വരുന്ന പോരാട്ടം എന്ന നിലയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരത്തില്‍ റൊണാള്‍ഡോ പരിക്കുമൂലം ഇറങ്ങിയിരുന്നില്ല. കളിയുടെ അവസാന നിമിഷം മെസ്സി കളത്തിലിറങ്ങിയെങ്കിലും വൻതോല്‍വിയോടെ മടങ്ങുകയായിരുന്നു.