കോഴിക്കോട് : യുനെസ്കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ചശേഷം നഗരം ആതിഥ്യം വഹിക്കുന്ന കൗമാര കലോത്സവം നവംബര്‍ 19 മുതല്‍ 23 വരെ നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. നവംബര്‍ 19ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.
മേളക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാനം നിർവഹിക്കും.

സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. മേയർ ഡോ. ബീന ഫിലിപ്, എം.പിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുക്കും.
319 ഇനങ്ങളിലായി 8000 ത്തോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടുകാരായ മണ്മറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ചെയര്‍മാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.മനോജ് കുമാര്‍ ജനറല്‍ കണ്‍വീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്.













