റീബൂട്ട് 2023; അവസരങ്ങളുടെ ജാലകമൊരുക്കി സൈബര്‍പാര്‍ക്കും കാഫിറ്റും

കോഴിക്കോട്: മലബാര്‍ മേഖലയില്‍ അവസരങ്ങളുടെ ജാലകം തുറന്ന് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും കാഫിറ്റും. 1500 ലധികം തൊഴിലവസരങ്ങളൊരുക്കി സംഘടിപ്പിക്കുന്ന റീബൂട്ട് 2023 ജോബ് ഫെയര്‍ മെയ് 13, 14 തീയതികളില്‍ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ നടക്കും. മലബാര്‍ മേഖലയിലെ ഐ.ടി സംരംഭകരുടെ കൂട്ടായ്മയായ കാഫിറ്റ് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക്, യു.എല്‍ സൈബര്‍പാര്‍ക്ക്, ഹൈലൈറ്റ് ബിസ്‌നസ് പാര്‍ക്ക്, കിന്‍ഫ്ര ഐ.ടി പാര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ കമ്പനികളും മലബാര്‍ മേഖലയിലെ മറ്റ് വിവിധ ഐ.ടി കമ്പനികളുമായും സഹകരിച്ചാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://reboot.cafit.org.in/registration എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. 2022ല്‍ നടന്ന റീബൂട്ട് 2022 ജോബ് ഫെയര്‍ വഴി 800ലധികം തൊഴിലവസരങ്ങളാണ് കഴിഞ്ഞ വര്‍ഷം ഒരുങ്ങിയത്.

ഐ.ടി മേഖലയുടെ വളര്‍ച്ച ധാരാളം തൊഴിലവസരങ്ങളാണ് ഒരുക്കുന്നതെന്നും അത് അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ റീബൂട്ട് 2023 ജോബ് ഫെയര്‍ വഴി കഴിയുമെന്നും സൈബര്‍പാര്‍ക്ക് സി.ഇ.ഒ മാധവിക്കുട്ടി എം.എസ് പറഞ്ഞു. കഴിഞ്ഞ തവണ നടന്ന ജോബ് ഫെയറില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവേശകരമായ പ്രതികരണം ഇത്തവണ കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ പ്രചോദനമായെന്നും ഇത്തവണ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധവിക്കുട്ടി എം.എസ് കൂട്ടിച്ചേര്‍ത്തു.

മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ത്ഥികളുടെ കഴിവ് നമ്മുടെ നാട്ടില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ റീബൂട്ട് 2023 ജോബ് ഫെയര്‍ വഴി അവസരമൊരുങ്ങുമെന്ന് കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. കൂടുതല്‍ കമ്പനികളും കൂടുതല്‍ തൊഴിലവസരങ്ങളും ഒരുങ്ങുന്നതോടെ മലബാറിലെ ഐ.ടി കുതിപ്പിന് ആക്കം കൂടുമെന്നും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ ഇത്തവണത്തെ ജോബ് ഫെയറിലേക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *