
റയല്‍ മാഡ്രിഡ് ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലില്‍. ഇന്ന് ലണ്ടണില്‍ അത്ഭുതങ്ങള്‍ ഒന്നും നടന്നില്ല. ആദ്യ പാദത്തിലെ 2-0ന്റെ വിജയത്തിന് ഒപ്പം ഇന്ന് രണ്ടാം പാദത്തിലും 2-0നും റയല്‍ ജയിച്ചതോടെ അഗ്രിഗേറ്റ് സ്കോറില്‍ 4-0ന്റെ ജയം നേടിക്കൊണ്ട് അവര്‍ സെമിയിലേക്ക് മുന്നേറി.
കഴിഞ്ഞ സീസണിലും ചെല്‍സിയെ റയല്‍ മാഡ്രിഡ് തന്നെ ആയിരുന്നു ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കിയത്.

ആദ്യ പാദത്തിലെ 2 ഗോള്‍ പരാജയം മറക്കാന്‍ ഇറങ്ങിയ ചെല്‍സിക്ക് ആദ്യ പകുതിയില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ ആയെങ്കിലും കൃത്യമായ നല്ല അവസരങ്ങള്‍ വന്നില്ല. കാന്റെയ്ക്ക് ലഭിച്ച നല്ലൊരു അവസരം ആണെങ്കില്‍ താരത്തിന് ടാര്‍ഗറ്റിലേക്ക് അടിക്കാനും ആയില്ല. ആദ്യ പകുതിയിലെ നല്ല അവസരങ്ങള്‍ എല്ലാം ലഭിച്ചത് റയലിനായിരുന്നു. റോഡ്രിഗോയുടെയും മോഡ്രിചിന്റെയും നല്ല ഷോട്ടുകള്‍ കെപ തടയേണ്ടി വന്നു. ആദ്യ പകുതിയുടെ അവസാനം കുകുറേയയെ തടയാന്‍ കോര്‍തോസും ഏറെ പാടുപെട്ടു.
രണ്ടാം പകുതിയില്‍ ചെല്‍സി തുടരാക്രമണങ്ങള്‍ നടത്തി. ഇതിനിടയില്‍ 58ആം മിനുട്ടില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മാഡ്രിഡ് ലീഡ് എടുത്തു. റോഡ്രിഗോ തുടങ്ങിയ അറ്റാക് വിനീഷ്യസിലേക്ക് എത്തുകയും വിനീഷ്യസ് തിരികെ പന്ത് റോദ്രിഗോയ്ക്ക് നല്‍കുകയും ചെയ്തു. യുവ സ്ട്രൈക്കര്‍ പന്ത് അനായാസം വലയില്‍ എത്തിച്ച് റയലിനെ 1-0ന് മുന്നില്‍ ആക്കി. അഗ്രിഗേറ്റില്‍ 3-0ന്റെ ലീഡ്.
ആ ഗോളോടെ തന്നെ ചെല്‍സി തളര്‍ന്നു. ഇതിനു ശേഷം റയല്‍ മാഡ്രിഡ് ബെന്‍സീമയെ പിന്‍വലിച്ചു. 80ആം മിനുട്ടില്‍ വീണ്ടും റോഡ്രിഗോയുടെ ഫിനിഷ്. ഇത്തവണ വാല്വെര്‍ദെ വെച്ചു കൊടുത്ത പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അടിക്കേണ്ട പണിയെ റോഡ്രിഗോയ്ക്ക് ഉണ്ടായുള്ളൂ. സ്കോര്‍ 2-0. അഗ്രിഗേറ്റില്‍ 4-0.
ലമ്ബാര്‍ഡ് പരിശീലകനായ ശേഷം കളിച്ച നാലു മത്സരങ്ങളിലും ചെല്‍സി പരാജയപ്പെട്ടു. സെമി ഉറപ്പിച്ച റയല്‍ മാഡ്രിഡ് അവിടെ മാഞ്ചസ്റ്റര്‍ സിറ്റിയെയോ ബയേണിനെയോ ആകും നേരിടുക.
