സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് അടുത്ത നാല് ദിവസം ശക്തമായ മഴ അനുഭവപ്പെടുക. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.
വരും മണിക്കൂറിൽ ഇവ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായി മാറുകയും, തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായും മാറും. ഇതിന് പുറമേ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.














