അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും, മറ്റു ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഞായറാഴ്ച മുതല്‍ എടവപ്പാതി സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ പല ജില്ലകളിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.ജൂണ്‍ ഒന്നുമുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴയില്‍ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റര്‍ പെയ്യേണ്ടിയിരുന്നു. പെയ്തത് 126 മില്ലി മീറ്റര്‍ മാത്രം. ഇപ്പോള്‍ 20വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെങ്കിലും മഴ തുടരാനാണ് സാധ്യത.

കാലാവസ്ഥാവകുപ്പിന്റെ ദീര്‍ഘകാല പ്രവചനം അനുസരിച്ച് 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ സാധാരണയിലും കൂടിയ അളവില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് യെല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്.













