സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഉച്ചക്ക് ശേഷമാകും മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. മറ്റന്നാളോടെ മഴ ദുർബലമാകുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്.
അതേസമയം, ഇന്നലെ പെയ്ത കനത്ത മഴയിൽ കുട്ടനാട്ടിൽ ശക്തമായ മടവീഴ്ചയുണ്ടായി. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ഇതിനിടെ, ഇന്നലെ കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ മേല്‍ക്കൂര മഴയിൽ തകർന്ന് നിലംപതിച്ചു. സ്കൂള്‍ പൂട്ടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം.













