രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം; അധിക്ഷേവുമായി പി.വി അൻവർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്നുമാത്രമേ വിളിക്കാനാവൂവെന്നും രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നും പി.വി അൻവർ പറഞ്ഞു. ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല.

രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്’ എന്നായിരുന്നു അൻവർ പറഞ്ഞത്. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. അൻവറിന്റെ ഈ പരാമർശത്തിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *