റെയിൽവേ ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് പോർട്ടർ വേഷത്തിൽ രാഹുൽ ഗാന്ധി


ഡൽഹി ആനന്ദ വിഹാറിലെ റെയിൽവേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും ചുവപ്പു യൂണിഫോമും അണിഞ്ഞ് പെട്ടി ചുമന്നുകൊണ്ടുപോകുന്ന രാഹുലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.ഇന്ന് രാവിലെയാണ് നന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ചുവപ്പ് യൂണിഫോം അണിഞ്ഞാണ് രാഹുൽ ഗാന്ധി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞത്.


പെട്ടി തലയിലേറ്റി ചുമന്നുകൊണ്ടുപോകുന്ന രാഹുലിനെ ചുറ്റുംകൂടിയ നൂറുകണക്കിന് തൊഴിലാളികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉന്നമനത്തിനുമായി പിന്തുണ തേടി ഒരു കൂട്ടം ചുമട്ടുതൊഴിലാളികൾ രാഹുലിനെ കാണണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം.


രാഹുലിന്‍റെ വീഡിയോക്കെതിരെ ബിജെപി രംഗത്തെത്തി. നാല് വീലുകളുമുള്ള ട്രോളി ബാഗാണ് രാഹുല്‍ ചുമന്നതെന്നായിരുന്നു ബിജെപിയുടെ പരിഹാസം. ശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ബിജെപി വിമർശിച്ചു. എന്നാൽ ട്രോളി ബാഗുകൾ റെയിൽവേ സ്റ്റേഷനുകളിൽ പോർട്ടർമാർ ചുമന്നു കൊണ്ടുപോകുന്ന ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസ് അനുകൂലികൾ ഈ ട്രോളുകൾക്ക് മറുപടി നൽകുകയും ചെയ്യുന്നുണ്ട്.



Sharing is Caring