മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രം ‘വൃഷഭ’യെക്കുറിച്ച്‌ വാചാലയായി രാഗിണി ദ്വിവേദി


മോഹൻലാലിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് വൃഷഭ. ഒരു പാൻ ഇന്ത്യൻ മൂവിയായാണ് വൃഷഭ എത്തുക. പ്രഖ്യാപനം മുതല്‍ക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്.കഴിഞ്ഞ ദിവസം വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചു എന്ന് നടൻ മോഹൻലാല്‍ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഇതോടെ സിനിമയുടെ അപ്ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.രാഗിണി ദ്വിവേദിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയാവുന്നത്.


മോഹന്‍ലാല്‍ നായകനായ കാണ്ഡഹാറില്‍ രാഹിണി ദ്വിവേദി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച്‌ തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവച്ചിരിക്കുകയാണ് രാഗിണി. തന്റെ മലയാളം- കന്നഡ ഭാഷയിലെത്തുന്ന പുതിയ ചിത്രം ഷീലയുടെ പ്രചരണാര്‍ഥം കേരളത്തിലെത്തിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.വൃഷഭയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താനാണെന്നും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും നടി പറയുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഗംഭീര അനുഭവമാണ്.


വളരെ വലിയ, മനോഹരമായ ചിത്രമായിരിക്കും വൃഷഭ. ഒരുപാട് നല്ല അഭിനേതാക്കളാണ് സിനിമയിലുള്ളത്. നല്ല കഥയാണ്, പാന്‍ ഇന്ത്യന്‍ തലത്തിലുള്ള വലിയ ചിത്രമാണെന്നും മോഹന്‍ലാല്‍ സാറിന്‍റെ നായികയായി അഭിനയിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും രാഗിണി ദ്വിവേദി പറഞ്ഞു. ചിത്രത്തില്‍ താൻ അഭിനായിക്കാൻ തുടങ്ങിയിട്ടില്ലെന്നും അടുത്ത തവണ കാണുമ്ബോള്‍ വൃഷഭയെക്കുറിച്ച്‌ കൂടുതല്‍ സംസാരിക്കാമെന്നും രാഗിണി കൂട്ടിച്ചേര്‍ത്തു.മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. 200 കോടിയാണ് സിനിമയുടെ ബജറ്റ്.

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും വൃഷഭയ്‌ക്കുണ്ട്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക്-ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും വൃഷഭ. റോഷൻ മേക ചിത്രത്തില്‍ മോഹൻലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.



Sharing is Caring