ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്


jawahar navodaya school

ആലപ്പുഴ:ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് എന്ന് പരാതി. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചു. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.തിങ്കളാഴ്ച രാത്രി സ്കൂൾ ഹോസ്റ്റലിനുള്ളിലായിരുന്നു റാഗിംഗ്. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലിൽ നിന്ന് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാർഥി.


ഹോസ്റ്റൽ റൂമിനുള്ളിൽ മറ്റു വിദ്യാർഥികളും റാഗിങ്ങിന് ഇരയായതായി വിദ്യാർഥി പറയുന്നു. പ്രിൻസിപ്പലിന്റെ ഇടപെടലിൽ ഇവർ പരാതിയിൽ നിന്ന് പിന്മാറിയെന്നും ആരോപണം. മർദനത്തിൽ അവശനായ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് വിദ്യാർഥിയുടെ അച്ഛൻ പറഞ്ഞു. സംഭവം അറിഞ്ഞയുടൻ റാഗിംഗിൽ ഉൾപ്പെട്ട ആറ് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു.മാതാപിതാക്കളുടെ പരാതിയിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും സ്കൂളിൽ റാഗിംഗ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




Sharing is Caring