പി വി അന്‍വർ രാഹുലിനെ അല്ല, രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അപമാനിച്ചത്;കെ സി വേണുഗോപാല്‍


രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയെ വിമർശിച്ച് കെ സി വേണുഗോപാല്‍. അൻവറിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും രാഹുലിനെ അല്ല, രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.


കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്. കേരള നിയമസഭയിലെ ഒരു എംഎല്‍എയാണ് ഇത് പറയുന്നത് എന്നതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്ന കാര്യം. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുളള ലൈസന്‍സ് കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ രാജ്യത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി.


രാജീവ് ഗാന്ധിയെ പറയുന്നത് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നുമായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം.



Sharing is Caring