കേരള ബാങ്ക് ഭരണസമിതിയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പ്രതിഷേധം. പി അബ്ദുല്‍ ഹമീദിനെ യൂദാസ് എന്ന് ആക്ഷേപിച്ച് മലപ്പുറം ലീഗ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു. പാര്‍ട്ടിയെ വഞ്ചിച്ചെന്നും രാജി വെക്കണം എന്നുമാണ് ആവശ്യം. സഹകരണ മേഖലയിലെ സഹകരണം മാത്രമാണെന്നായിരുന്നു ലീഗ് എംഎല്‍എ പികെ ബഷീറിന്റെ പ്രതികരണം.
കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള പി അബ്ദുല്‍ ഹമീദിന്റെ പ്രവേശനം ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്.
വിഷയത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിലെ ഒരു വിഭാഗവും കടുത്ത അതൃപ്തിയുണ്ട്. ഇതാണ് പോസ്റ്ററിലൂടെ പ്രകടമായത്.പി അബ്ദുല്‍ ഹമീദ് യൂദാസ് ആണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നുമാണ് ആവശ്യം. ലീഗ് ഓഫീസ് ,കലക്ടറേറ്റ്, മലപ്പുറം ടൗണ്‍ പരിസരങ്ങളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്ത വന്നതോടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടു. ലീഗ് യുഡി എഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പികെ ബഷീര്‍ എംഎല്‍എ പ്രതികരിച്ചു.














