പ്രമുഖ യൂട്യൂബർ സ്വാതി ഗോദരയെ മരിച്ച നിലയില്‍ കണ്ടെത്തി


പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.ഉത്തര്‍പ്രദേശ് മീററ്റിലെ ബദ്‌ല സ്വദേശിയായ സ്വാതി യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ എത്തിയത്.


കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് തുടങ്ങിയതെന്നും പൊലീസ് പറഞ്ഞു. 28.6K ഫോളോവേഴ്‌സാണ് സ്വാതിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടിലുള്ളത്.സ്വാതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Sharing is Caring