മലയാളികള്‍ ബുദ്ധിശാലികളും കഠിന പ്രയത്‌നം ചെയ്യുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

വന്ദേഭാരതിന് ഫഌഗ് ഓഫ് ചെയ്ത് മലയാളത്തില്‍ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ലവരായ മലയാളി സ്‌നേഹിതരേ നമസ്‌കാരം…. എന്നുതുടങ്ങിയാണ് മോദി പ്രസംഗം തുടങ്ങിയത്. മലയാളികള്‍ ബുദ്ധിശാലികളും കഠിന പ്രയത്‌നം ചെയ്യുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ പ്രശംസിച്ചു. സംസ്ഥാനത്തിന്റെ വികസനം രാജ്യപുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും മോദി പറഞ്ഞു.

കേരളത്തിന് ഇന്ന് ആദ്യ വന്ദേഭാരത് ലഭിച്ചെന്ന് പറഞ്ഞ മോദി, സംസ്ഥാനത്തെ നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വികസന മാതൃകയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ കുതിപ്പ് തുടരുകയാണ്. രാജ്യത്ത് കഴിവുള്ള യുവാക്കളുടെ എണ്ണം മറ്റ് രാജ്യങ്ങളെക്കാള്‍ മുന്നിലാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ശക്തി പ്രവാസികളാണ്. രാജ്യപുരോഗതിയുടെ നേട്ടം പ്രവാസികള്‍ക്കും പ്രയോജനം ചെയ്യും.

അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇന്ത്യയില്‍ മുന്‍ഗണന നല്‍കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ റെയില്‍വേ ഗതാഗതം വികസനം അതിവേഗം കുതിക്കുകയാണ്. ആധുനിക യാത്രാ സംവിധാനം ഒരുക്കുന്ന ഹബ്ബുകളായി റെയില്‍വേ മാറി. തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, ശിവഗിരി, കോഴിക്കോട് സ്‌റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുുകയാണ്. വന്ദേഭാരത് സംസ്ഥാനത്തിന്റെ വടക്കും തെക്കുമുള്ള ജനങ്ങളില്‍ ഐക്യം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *