ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്


ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നും ആത്മഹത്യാ തന്നെയെന്നും പൊലീസ്. രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ ആത്മഹത്യയിലേക്ക് രാഹുലിനെ നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല.പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്റെ മൊബൈലിന്റെ പരിശോധന പൂർത്തിയാകുന്നതോടെ ദുരൂഹത മാറുമെന്നാണ് പൊലീസ് കരുതുന്നത്. രാഹുൽ എൻ കുട്ടിയുടെ അച്ഛൻ, അമ്മ, ഭാര്യ അടുത്ത സുഹൃത്തുക്കൾ, ബിസിനസ് പാർട്‌ണേഴ്‌സ് എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. രാഹുലിന്റെ വീട്ടിലെത്തി ഇന്നലെയും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.


ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ എൻ കുട്ടി അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതേ തുടർന്ന് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം മൊഴി നൽകി. രാഹുലിനെ ആത്മഹത്യയിലേക്ക് നയിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.രാഹുൽ എൻ കുട്ടി (33) യെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് കൊച്ചി മാടവന ഉദയത്തുംവാതിലിലെ വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ഈറ്റ് കൊച്ചി ഈറ്റ് വ്‌ളോഗർ എന്ന ഫുഡ് വോൾഗർ കോയ്മായിലെ പ്രധാനി ആയിരുന്നു രാഹുൽ. രാഹുലിനെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ.പുതു രുചികൾ പരീക്ഷിക്കാനും അവ പരിചയപ്പെടുത്താനുമുള്ള രാഹുലിന്റെ ആവേശമാണ് മലയാളികളെ രാഹുലിന്റെ വീഡിയോകളിലേക്ക് അടുപ്പിച്ചത്. മിതഭാഷിയായ വ്ളോഗർ, പൊടിപ്പും തൊങ്ങലുകളമില്ലാതെ ഭക്ഷണത്തെ കുറിച്ച് കേൾക്കുന്ന വ്യക്തിയെ കൊതിപ്പിച്ചുകൊണ്ടുള്ള അവതരണം തുടങ്ങി രാഹുലിനെ ഇഷ്ടപ്പെടാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളായിരുന്നു.



Sharing is Caring