സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ സർക്കാർ നൽകിയ വസതിയിൽ പൊലീസ് റെയ്ഡ്.ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിന്‍റെ പ്രതിനിധി താമസിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് യെച്ചൂരിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നത്.ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസിന്‍റെ റെയ്ഡ് നടക്കുകയാണ്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യാപക പരിശോധന നടത്തുന്നത്.
വീഡിയോ ജേർണലിസ്റ്റ് അഭിസാർ ശർമ, മുതിർന്ന പത്രപ്രവർത്തകരായ ഭാഷാ സിങ്, ഊർമിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരൻ, പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവർത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.യു.എ.പി.എ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി പൊലീസിന്‍റെ നടപടി. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു.














