മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമ സഭയിൽ ഇന്ന് പ്രത്യേക പ്രസ്താവന നടത്തും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കും എന്നാണ് സൂചന. പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കെ മുഴുവൻ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ഉറപ്പാക്കുമെന്നാണ് സർക്കാർ ആവർത്തിക്കുന്നത്.
ചട്ടം 300 പ്രകാരമാണ് വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പ്രവേശനം കിട്ടാത്ത കുട്ടികളുടെ കണക്ക് മന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചേക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് സമാപിക്കും.ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ജൂലൈ എട്ടിന് ആരംഭിച്ചിരുന്നു. 30,245 വിദ്യാർഥികളാണ് ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയത്.
മലപ്പുറം ജില്ലയില്‍ നിലനിൽക്കുന്ന ആശങ്ക ഇപ്പോഴും ഒഴിയുന്നില്ല. മലബാറിൽ 18,223 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലെന്നാണ് കണക്ക്.പാലക്കാട് 4434-ഉം കോഴിക്കോട് 2307 സീറ്റുകളും കുറവാണ്. കണ്ണൂരിൽ 646-ഉം കാസർകോട് 843-ഉം സീറ്റും കുറവുണ്ട്. സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ മലപ്പുറത്ത് 9993 സീറ്റുകളാണ് കുറവ്. മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കിൽ 280 ബാച്ചുകൾ എങ്കിലും അനുവദിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.